കോവിഡ് ഭീതി ഒഴിയുന്നില്ല… കോവിഡ് പോലെയുള്ള വൈറസുകൾ ഇനിയും വരാം…….

കോവിഡ് ഭീതി ഒഴിയുന്നില്ല… കോവിഡ് പോലെയുള്ള വൈറസുകൾ ഇനിയും വരാം…….

പകർച്ചവ്യാധികൾ  എന്നും   മനുഷ്യന്  ഭീഷണിയായിരുന്നു.  കോടിക്കണക്കിനു  പേരുടെ മരണത്തിനു ഇടയായ പകർച്ചവ്യാധികൾ വരെ ഈ ഭൂമിയിൽ ഉണ്ടായിട്ടുണ്ട്. വൈറസ്, ബാക്റ്റീരിയ, പ്രോട്ടോസോവ തുടങ്ങിയ    സൂക്ഷ്മരോഗാണുക്കൾ   ആണ് ഇത്തരം പകർച്ച വ്യാധികൾ ഉണ്ടാക്കുന്നത്.   1918   മുതൽ   1920   വരെ ലോകം മുഴുവൻ  പടർന്നുപിടിച്ച   സ്പാനിഷ്  ഫ്ലൂ  ആണ്  ഇതിൽ  ഏറ്റവും  മാരകമായത്.  ലോകത്താകമാനം    50കോടി   ജനങ്ങളെ  അന്ന്  ഈ  രോഗം   ബാധിച്ചു.  അന്നത്തെ  ലോക  ജനസംഖ്യയുടെ  മൂന്നിൽ   ഒന്ന്  വരുമിത്.  ഏകദേശം  അഞ്ചു  കോടി  ജനങ്ങൾക്ക്  ജീവൻ  നഷ്ടമായി.   ഫ്ലൂ  വൈറസിന്റെ  വക  ഭേദങ്ങൾ  പിന്നെയും  ലോകത്തെ   പേടിപ്പെടുത്തി.  1957  ലെ  ഏഷ്യൻ  ഫ്ലൂ,  1968  ലെ ഹോൻകോങ്‌   ഫ്ലൂ, 2004  ലെ  പക്ഷിപ്പനി  എന്നിവ  ഇവയിൽ  ചിലതു  മാത്രം.   എപ്പോഴും  ഈ  വൈറസുകൾ   മാരകമായ  പ്രഹരവും  വ്യാപനവും  ഉണ്ടാക്കുന്നില്ലെങ്കിലും  ചിലപ്പോൾ അങ്ങനെ  സംഭവിക്കുകയും  ചെയ്യുന്നു.

മാരകമായതും അല്ലാത്തതുമായ രോഗങ്ങൾ ഉണ്ടാക്കുന്ന 1415  രോഗാണുക്കളെ ഇത് വരെ  ശാസ്ത്രലോകം തിരിച്ചറിഞ്ഞിട്ടുണ്ട്.

കൊറോണ, നിപ്പ, പക്ഷിപ്പനി, എലിപ്പനി, കുരങ്ങുപനി, സാർസ്, എബോള, എയിഡ്സ്, ആന്ത്രാക്സ്, ജപ്പാൻജ്വരം, പന്നിപ്പനി, സ്പാനിഷ് ഫ്ലൂ, തുടങ്ങി മനുഷ്യകുലത്തിന് ഭീഷണിയായ 1415 രോഗാണുക്കൾ.   ഓരോ വർഷവും  പുതിയ  പുതിയ രോഗാണുക്കൾ  ആവിർഭവിക്കുകയും ചെയ്യുന്നുണ്ട്.

എവിടെ നിന്നാണ്   രോഗാണുക്കൾ വരുന്നത്

മനുഷ്യനെ  ബാധിക്കുന്ന   ഈ   രോഗാണുക്കളിൽ  60  ശതമാനവും കലാ കാലങ്ങളായി മൃഗങ്ങളിൽ നിന്നും പക്ഷികളിൽ നിന്നും പകർന്നു കിട്ടിയതാണ്.  ഈ  രോഗാണുക്കൾ  മൂലം  ഉണ്ടാകുന്ന നിരവധി അസുഖങ്ങൾക്ക് ഇന്നും ഫലപ്രദമായ ചികിത്സ ഇല്ല.  ഇതിൽ 25 ഓളം രോഗങ്ങളെ  വാക്സിൻ കൊണ്ട് പ്രതിരോധിക്കാൻ കഴിയുന്നുണ്ട്.   വസൂരി  പോലെയുള്ള  രോഗങ്ങളെ   ഈ ഭൂമിയിൽ നിന്നും  നിർമാർജനം  ചെയ്യാനും കഴിഞ്ഞിട്ടുണ്ട്.  എന്നാലും  മനുഷ്യ  കുലത്തിനു  തന്നെ  ഭീഷണിയായ  പുതിയ  വൈറസുകൾ  ഇനിയും  ഉണ്ടാകാൻ  സാധ്യത  ഉണ്ട് എന്നാണു  ശാസ്ത്രലോകം  വിലയിരുത്തുന്നത്. എങ്ങനെയാണ്  ഈ  മാരക വൈറസുകൾ  മനുഷ്യരിലേക്ക്  എത്തുന്നത്…..

അതിനുള്ള  ഒറ്റ  വാക്കിലെ  ഉത്തരം  മനുഷ്യന്റെ  തന്നെ  പ്രവർത്തികൾ  ആണ്  എന്നതാണ്.

പ്രകൃതിയുടെ  സ്വാഭാവികമായ  ആവാസവ്യവസ്ഥയെ   തകർക്കുന്ന  രീതിയിൽ   മനുഷ്യൻ  നടത്തുന്ന  പ്രവർത്തനങ്ങളും മനുഷ്യന്റെ അത്യാഗ്രവും   ആണ് വന്യ  മൃഗങ്ങളിൽ  മാത്രം  കണ്ടിരുന്ന   ഈ    വൈറസുകളെ    മനുഷ്യരിലേക്ക്  എത്തിച്ചത് .   മനുഷ്യൻ  എപ്പോഴൊക്കെ  പ്രകൃതിയിലേക്ക്   വൻ  തോതിലുള്ള   കടന്നു  കയറ്റം  നടത്തിയിട്ടുണ്ടോ  അപ്പോഴൊക്കെ  ഇത്തരം  വൈറസുകൾ  തങ്ങളുടെ  പ്രകൃതി ദത്തമായ   ആവാസ വ്യവസ്ഥയിൽ നിന്നും പുറത്തു    വരികയും    മനുഷ്യനെ  ബാധിക്കുകയും    ചെയ്തിട്ടുണ്ട്.

വന്യ മൃഗങ്ങളിൽ നിന്നും  ആദ്യം ഈ  വൈറസുകൾ   പന്നികളിലേക്കും   കോഴി, താറാവ് തുടങ്ങിയ   പക്ഷികളിലേക്കും  എത്തുന്നു. പിന്നീട്   അവയിൽ  നിന്നും   മനുഷ്യരിലേക്കും പടരുന്നു.   വൻ  തോതിലുള്ള  വനനശീകരത്തിനു  പുറമെ     പന്നി ഫാമുകളും പക്ഷി ഫാമുകളും അനിയന്ത്രിതമായി വർധിച്ചതും    ഈ വൈറസുകളുടെ  വ്യാപനം  വേഗതത്തിലാക്കിയിട്ടുണ്ട്.

ഇത്തരം അസുഖങ്ങൾ ഇനിയും ഉണ്ടാകാതിരിക്കാൻ എന്ത് ചെയ്യണം.

അതിനുള്ള പരിഹാരം ആണ്   വൺഹെൽത്ത്  പ്രോഗ്രാം

എന്താണ്  വൺ ഹെൽത്ത് പ്രോഗ്രാം (One Health Programme) 

തന്റെ മാത്രം ആരോഗ്യം സംരക്ഷിച്ചാൽ പോരാ എന്നും  സമൂഹത്തിലെ എല്ലാവരുടെയും ആരോഗ്യം കൂടി  സംരിക്ഷിച്ചാൽ  മാത്രമേ  തനിക്കും ആരോഗ്യം ഉണ്ടാകൂ എന്നും മനുഷ്യൻ മുമ്പേ  മനസ്സിലാക്കിയിട്ടുണ്ട്.  എന്നാൽ ഇപ്പോൾ മനസ്സിലാകുന്നത്   മനുഷ്യന്റെ മാത്രം  ആരോഗ്യം  മെച്ചപ്പെടുത്തിയത് കൊണ്ട്  നമുക്ക് പൂർണ്ണമായ   ആരോഗ്യം  കൈവരിക്കാൻ കഴിയില്ല എന്നാണ്.  മൃഗങ്ങളുടെയും  പക്ഷികളുടെയും  ആരോഗ്യം  നിലനിർത്തുകയും  പ്രകൃതിയുടെ സംരക്ഷണത്തിലൂടെയും മാത്രമേ   ഇനിയുള്ള  കാലം  ആരോഗ്യം  എന്ന  ലക്‌ഷ്യം  സാധ്യമാവുകയുള്ളൂ.  ഇങ്ങനെ  മനുഷ്യന്റെ  ആരോഗ്യ സംരക്ഷണത്തിന്  കൊടുക്കുന്ന  തുല്യ പ്രാധ്യാനം  പക്ഷിമൃഗങ്ങളുടെ  ആരോഗ്യത്തിനും   പ്രകൃതി സംരക്ഷണത്തിനും കൂടി  കൊടുക്കുന്ന  ആരോഗ്യ പദ്ധതിയാണ്  വൺ  ഹെൽത്ത് പ്രോഗ്രാം. ഇതിനെ  നമുക്കു വേണമെങ്കിൽ “വസുധൈവ  കുടുംബകം”  എന്ന് വിളിക്കാം. WHO ഇപ്പോൾ  ഈ ആരോഗ്യ പദ്ധതി പ്രാബല്യത്തിൽ  വരുത്താനുള്ള  ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു.

പ്രകൃതിയോട്  ഇണങ്ങിയുള്ള  ജീവിത രീതികൾ ശീലമാക്കുകയും അത് വഴി ശരീരത്തിന്റെ സ്വാഭാവിക രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുകയും,   പക്ഷി മൃഗാദികളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധ്യാന്യം കൊടുക്കുകയും   പ്രകൃതി സംരക്ഷണ പദ്ധതികൾ നടപ്പിൽ വരുത്തുകയും ചെയ്യേണ്ടിയിരിക്കുന്നു.

ചില നിർദേശങ്ങൾ  :-

ആരോഗ്യ മേഖലയിലും വെറ്റിറിനറി മേഖലയിലും ഇന്ന് ആന്റിബയോട്ടി ക്കിൻറെ ദുരുപയോഗം ഏറെയാണ്. ആന്റിബയോട്ടിക്കിന്റെ  അനാവശ്യ ഉപയോഗം ഒഴിവാക്കുകവഴി  ഇന്ന് ആരോഗ്യ രംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ  ആന്റിബിയോട്ടിക്ക് റെസിസ്റ്റന്റ്‌  രോഗാണുക്കളെ  നിയന്ത്രിക്കാൻ കഴിയും.

മനുഷ്യരിലും മൃഗങ്ങളിലും ഉണ്ടാകുന്ന  നിരവധി രോഗങ്ങൾക്ക് ഹോമിയോപ്പതി ഏറെ ഫലപ്രദമാണ്, പ്രത്യേകിച്ചും വൈറൽ രോഗങ്ങൾക്ക്.  മനുഷ്യരിലേയും മൃഗങ്ങളിലെയും രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനും ഇന്ന് ഹോമിയോപ്പതി മരുന്നുകൾ ഉപയോഗിക്കുന്നുണ്ട്.  ഈ മേഖലയിൽ പുതിയ കോഴ്‌സുകളും ഗവേഷണങ്ങളും നടക്കേണ്ടതുണ്ട്.  കേരള വെറ്റിറിനറി സർവകലാശാല  BVSc ബിരുദധാരികൾക്ക് വേണ്ടി നടത്തുന്ന വെറ്റിറിനറി ഹോമിയോപ്പതി ഡിപ്ലോമ പോലുള്ള കോഴ്‌സുകൾ മാതൃകയാക്കാവുന്നതാണ്.

പ്രകൃതിയുടെ  ആവാസവ്യവസ്ഥക്ക്  കോട്ടം വരാത്ത രീതിയിലുള്ള കൃഷി രീതികൾ അവലംബിക്കുക.

വിഷരഹിത ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പ്  വരുത്തുക.

പ്രകൃതി സംരക്ഷണത്തിന്  ഏറെ പ്രാധ്യാന്യം നൽകുക.

വൺ ഹെൽത്ത് പ്രോഗ്രാം- അതാണ് ഇനി ലോകത്തിന്റെ  പുതിയ ആരോഗ്യ പദ്ധതി.

 

 

 

Dr. Jaleel K K

Asst. Professor,

Govt. Homoeopathic Medical College,

Calicut.

Leave a Reply

Your email address will not be published. Required fields are marked *

Booking

Copyright 2024 White Paediatric Homoeopathy All Rights Reserved.