ലിച്ചിപ്പഴം വിഷമോ.. ? എങ്ങനെയാണ് ചില ഭക്ഷണങ്ങൾ വിഷമായി മാറുന്നത്….?
ഇതു മനസ്സിലാക്കാൻ കുറച്ചു ജീവശാസ്ത്രം അറിയണം.
നമ്മുടെ ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും പ്രവർത്തനത്തിന് ഊർജ്ജം വേണം. ഗ്ലുക്കോസിൽ നിന്നാണ് ഈ ഊർജ്ജം ലഭിക്കുന്നത്. ഊർജ്ജം നൽകുന്ന ഈ ഗ്ലുക്കോസ് സദാ സമയവും ഒരു നിശ്ചിത അളവിൽ നമ്മുടെ രക്തത്തിൽ ഉണ്ടാകണം.
ഈ ഗ്ലുക്കോസ് മൂന്ന് വിധേനയാണ് രക്തത്തിൽ എത്തുന്നത്. ഭക്ഷണത്തിൽ നിന്നും പിന്നെ ശരീരത്തിൽ സ്റ്റോർ ചെയ്തിരിക്കുന്ന ഗ്ലൈക്കോജൻ, കൊഴുപ്പ് എന്നിവയിൽ നിന്നും.
(1) നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ ദഹിച് അവസാനം ഗ്ലുക്കോസ് ആയി മാറുന്നു.
(2) ഭക്ഷണം കഴിക്കാൻ വൈകിയാൽ, ശരീരത്തിലെ കാരളിലും മറ്റും സ്റ്റോർ ചെയ്ത് വെച്ച ഗ്ലൈക്കോജൻ ചില രാസപ്രവർതനങ്ങളിലൂടെ ഗ്ലുക്കോസ് ആയി മാറ്റപ്പെടും. നല്ല ആരോഗ്യമുള്ള കുട്ടികളുടെ ശരീരത്തിൽ ആവശ്യത്തിന് ഗ്ലൈക്കോജൻ സ്റ്റോർ ഉണ്ടാകും.
(3) ഇനി ആവശ്യത്തിന് ഗ്ലൈക്കോജൻ സ്റ്റോർ ഇല്ല എങ്കിൽ ശരീരം കൊഴുപ്പിൽ (fatty acids) നിന്നും ഗ്ലുക്കോസ് നിർമ്മിക്കും. ഈ രാസപ്രക്രിയയെ “ഗ്ലുക്കോനിയോജനിസിസ്” എന്നു പറയും.
പോഷകാഹാരകുറവ് ഉള്ള കുട്ടികളിൽ ആവശ്യത്തിന് ഗ്ലൈക്കോജൻ സ്റ്റോർ ഇല്ലാത്തത് കൊണ്ട് അത്തരം കുട്ടികളിൽ കൊഴുപ്പിൽ നിന്നാണ് ഗ്ലുക്കോസ് ഉണ്ടാക്കുന്നത്.
ഇനി എങ്ങനെയാണ് ലിച്ചിപ്പഴം വില്ലൻ ആകുന്നത്.
ലിച്ചിപ്പഴത്തിൽ അടങ്ങിയിരിക്കുന്ന മീതൈലിൻ സൈക്ളോ പ്രോപൈൽ ഗ്ലൈസീൻ (MCPG) എന്ന രാസഘടകം, കൊഴുപ്പിൽ നിന്നും ഗ്ലുക്കോസ് ഉണ്ടാകുന്ന രാസപ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു.
മറ്റു ഭക്ഷണമൊന്നും കഴിക്കാതെ ലിച്ചിപ്പഴം മാത്രം കഴിച്ചു കിടന്നുറങ്ങുന്ന പോഷകാഹാര കുറവുള്ള കുട്ടികളുടെ രക്തത്തിൽ രാവിലെ ഗ്ലുക്കോസിന്റെ അഭാവം ഉണ്ടാകുന്നു. ഇവരിൽ കൊഴുപ്പിൽ നിന്നും ഗ്ലുക്കോസ് ഉത്പാദിപ്പിക്കുന്ന പ്രക്രിയ ലിച്ചിപ്പഴത്തിലെ MCPG എന്ന ഘടകം തടയുകയും ചെയ്യുന്നു.
അങ്ങനെ ഗ്ലുക്കോസ് രക്തത്തിൽ ക്രമാതീതമായി കുറയുന്നു. ഈ അവസ്ഥയെ “ഹൈപ്പോ ഗ്ലൈസീമിയ” എന്നാണ് പറയുക. ഹൈപ്പോ ഗ്ലൈസീമിയ ഏറ്റവും പെട്ടെന്ന് ഏറ്റവും അപകടകരമായ രീതിയിൽ ബാധിക്കുക തലച്ചോറിനെയാണ്. മരണത്തിലേക്ക് നയിക്കുന്ന ഈ അവസ്ഥയെ “ഹൈപ്പോ ഗ്ലൈസീമിക് എൻകഫെലോപതി” എന്നു പറയും.
ഈ അവസ്ഥയുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി നാല് മണിക്കൂറിനുള്ളിൽ ആവശ്യമായ അളവിൽ ഗ്ലുക്കോസ് കൊടുക്കാൻ കഴിഞ്ഞാൽ ഈ കുട്ടികളെ മരണത്തിൽ നിന്നും രക്ഷിക്കാൻ കഴിയും…
കുട്ടികൾക്ക് ശരിയായ പോഷകാഹാരം കൃത്യമായി കിട്ടുന്നുണ്ട് എന്നു ഉറപ്പു വരുത്തുക എന്നതാണ് ഇതു തടയാനുള്ള മാർഗം…
Dr.K.K.Jaleel. MD(Hom)(Paed).
White Paediatric Homoeopathy Calicut.
Leave a Reply